Tuesday, May 21, 2024
spot_img

രാജ്‌കോട്ടിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ;
ജീവനൊടുക്കാൻ കാരണം പിതാവെന്ന് ആത്മഹത്യാ കുറിപ്പ്

രാജ്കോട്ട് : രാജ്കോട്ടിൽ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ 16 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. താൻ ജീവനൊടുക്കിയതിനു കാരണം പിതാവാണെന്നു ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഗുജറാത്ത് പോർബന്തർ സ്വദേശിയായ ദിവ്യ രമേശിനെ(16) കണ്ടെത്തിയത്. സ്കൂളിലെ മെസ്സിൽ നിന്ന് രാത്രി ഏഴരയ്ക്ക് ഭക്ഷണം കഴിച്ചയുടനെ ദിവ്യ മുറിയിലേക്കു പോയിരുന്നു. ദിവ്യയുടെ മുറിയിൽ കൂടെക്കഴിഞ്ഞിരുന്ന പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ മുറിയിൽ പോയിരിക്കുകയായിരുന്നു. രാത്രി പത്തരയോടെ ഈ കുട്ടി തിരികെയെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

‘‘ഞാൻ നിങ്ങളെ വെറുക്കുന്നു പപ്പ. നിങ്ങൾ മാത്രമാണ് എന്റെ മരണത്തിനു കാരണം. നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിട്ടില്ല. ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങൾക്ക് അറിയൂ. മുത്തശ്ശിയോട് എനിക്ക് സങ്കടം തോന്നുന്നു. അവരെനിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം നൽകി.അമ്മ എന്നോടു പൊറുക്കണം. ഇത്രയും സമ്മർദ്ദത്തിൽ ജീവിക്കാൻ എനിക്കു കഴിയില്ല. എന്റെ ആത്മാവിന് ഒരിക്കലും ശാന്തി കൈവരില്ല. എന്റെ ഓരോ കണ്ണുനീരിനും ഞാൻ പകരം ചോദിക്കും.” ദിവ്യ കുറിപ്പ് അവസാനിപ്പിക്കുന്നു

വായനക്കാരുടെ ശ്രദ്ധയ്ക്ക് : ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056

Related Articles

Latest Articles