ടൊറന്റോ: കാനഡയിൽ വെള്ളിയാഴ്ച വരെ 130 പേർ അത്യുഷ്ണത്തെത്തുടർന്നു മരിച്ചതായി വാൻകൂവർ പോലീസ് അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിൽ ചൊവ്വാഴ്ച 49.6 ഡിഗ്രി സെൽഷസ് ആയിരുന്നു താപനില. പൊതുവെ തണുപ്പുള്ള രാജ്യമായിട്ടാണ് കാനഡ അറിയപ്പെടുന്നത്
ഞായറാഴ്ച മുതൽ ബ്രിട്ടീഷ് കൊളംബിയയിലെ താപനില 45 ഡിഗ്രിക്കു മുകളിലാണ്. മഞ്ഞുമലകൾ ഉരുകി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുതെന്നു ഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വടക്ക്-പടിഞ്ഞാറൻ അമേരിക്കയിലും അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് ഉഷ്ണതരംഗമുണ്ടാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വടക്കൻ കാനഡയിലും യുഎസിലും അന്തരീക്ഷ താപനില ഉയരുന്നതു മൂലം കലിഫോർണിയ മുതൽ ആർട്ടിക് മേഖല വരെ ഉഷ്ണതരംഗമുണ്ടാവാൻ സാധ്യതയുണ്ട്.
മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത അത്യുഷ്ണത്തിലൂടെയാണ് ബ്രിട്ടീഷ് കൊളംബിയ കടന്നു പോകുന്നതെന്നു പ്രവിശ്യാ പ്രധാനമന്ത്രി ജോൺ ഹൊർഗൻ പറഞ്ഞു. അത്യുഷ്ണം മൂലം നിരവധി മരണങ്ങളാണ് സംഭവിക്കുന്നത് . വാൻകൂവറിൽ വെള്ളിയാഴ്ച മാത്രം 65 പേരാണു മരിച്ചത്. അത്യുഷ്ണത്തെത്തുടർന്നുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് മരണം സംഭവിക്കുന്നത്. കൃത്യമായ മരണസംഖ്യ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

