Monday, May 20, 2024
spot_img

കൊച്ചി മെട്രോ; രണ്ടാം ഘട്ടത്തിന് അനുമതി നൽകിയ കേന്ദ്രമന്ത്രിസഭാ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്തിൻ്റെ ഗതാഗത സംവിധാനത്തിനാകെ ഈ പദ്ധതി ഗുണം ചെയ്യുമെന്ന് പിണറായി വിജയൻ

ദില്ലി: കേരളം ഒന്നോടെ കാത്തിരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയ കേന്ദ്രമന്ത്രിസഭാ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ രണ്ടാം ഘട്ടം സംസ്ഥാനത്തെ ഗതാഗതസംവിധാനത്തിൽ വലിയ കുതിപ്പിന് കാരണമാകുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിക്ക് അയച്ച കത്ത് ഇങ്ങനെ,
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ജംഗ്ഷൻ മുതൽ കാക്കനാട്ടെ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയതിന് കേരളത്തിലെ ജനങ്ങളുടേയും സംസ്ഥാന സർക്കാരിൻ്റേയും പേരിൽ നന്ദിയറിയിക്കുന്നു. സംസ്ഥാനത്തിൻ്റെ ഗതാഗത സംവിധാനത്തിനാകെ ഈ പദ്ധതി ഗുണം ചെയ്യും. അങ്ങേയ്ക്ക് എൻ്റെ ഓണാശംസകൾ….

കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്ക് ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയത്. മൂന്ന് ദിവസം മുൻപ് കേരളത്തിൽ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. കൊച്ചി മെട്രോ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ഇപ്പോൾ കേന്ദ്രമന്ത്രിസഭായോഗം പദ്ധതിക്ക് അനുമതി നൽകുകയും ചെയ്തതോടെ കലൂർ – കാക്കനാട് പാതയിലെ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും.പണമില്ലാത്തതിനാൽ നാലിൽ രണ്ട് വില്ലേജുകളിലെ ഭൂമി മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.പദ്ധതി തുടങ്ങാൻ വൈകിയതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന നിർമ്മാണ ചിലവിനേക്കാൾ ഇനി ചിലവ് എത്രകൂടുമെന്നാണ് അറിയേണ്ടത്.

കലൂര്‍ സ്റ്റേഡിയം- പാലാരിവട്ടം സിവില്‍ ലൈൻ റോഡിലൂടെ ബൈപാസ് കടന്ന് ആലിന്‍ചുവട്, ചെമ്പ്മുക്ക്, വാഴക്കാല, പടമുകള്‍, ലിങ്ക് റോഡിലൂടെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് വഴി ഇൻഫോപാർക്ക് വരെ നീളുന്നതാണ് നിർദിഷ്ട കലൂർ – ഇൻഫോപാർക്ക് പാത.
കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോൾ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു.എന്നാൽ കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകാത്തതാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം തിരിച്ചടിയായത്.വൈകിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി പിന്നാലെ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നൽകി.

Related Articles

Latest Articles