Friday, May 3, 2024
spot_img

കോൺഗ്രസിതര പാർട്ടികൾക്കെതിരെ ഇ ഡി നടപടി വരുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പം; രാഹുൽ നേരിട്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല; സി എ എ യും, കെജ്‌രിവാളും, ഇൻഡി മുന്നണി റാലിയും പരാമർശിച്ചിട്ടും കരുവന്നൂർ വിഷയത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

കോഴിക്കോട്: കോൺഗ്രസിതര പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നടപടി വരുമ്പോൾ കോൺഗ്രസ് ബിജെപിക്കൊപ്പം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി നടപടികൾ കടുപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ബിജെപിക്കെതിരെ നേരിട്ട് മത്സരിക്കുന്നില്ല. പകരം അദ്ദേഹം കേരളത്തിലെത്തി ഇടത് മുന്നണിയോട് മത്സരിക്കുകയാണ്. ഇന്നലെ ദില്ലിയിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ മഹാറാലി ബിജെപിക്കും കോൺഗ്രസിനും പാഠമാകണം. അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസിന്റെ മുൻ നിലപാട് എന്തായിരുന്നു? കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യണം എന്നാദ്യം പറഞ്ഞത് കോൺഗ്രെസ്സാണെന്നും മുൻ നിലപാടിലെ തെറ്റ് ഏറ്റുപറയാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി എ എ പാസാക്കിയതിന് ശേഷം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് അവരുടെ പൗരത്വത്തെ സംബന്ധിച്ച് ആശങ്കയുണ്ട്. മുസ്ലിങ്ങളെയാണ് നിയമം ലക്ഷ്യമിടുന്നതെങ്കിലും മറ്റു വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ആർ എസ്സ് എസ്സ് അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാ ലോജിക് ഉൾപ്പെട്ട മാസപ്പടിക്കേസിൽ നടന്ന എസ് എഫ് ഐ ഒ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇ ഡി കേസെടുത്തിരുന്നു. വീണാ വിജയനെയടക്കം ഉടൻ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കൂടാതെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കരുവന്നൂരിൽ നടന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നു. മാത്രമല്ല സിപിഎമ്മിന്റെ അഞ്ചു രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ഇ ഡി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുകയാണ്.

Related Articles

Latest Articles