Friday, May 3, 2024
spot_img

സി എം രവീന്ദ്രൻ്റെ ഭാര്യയും കുടുങ്ങും;അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങൾ, മണ്ണുമാന്തിയന്ത്രം വാടകയ്ക്കു കൊടുക്കൽ പ്രധാന ജോലി,വാടക കേട്ടാൽ ഞെട്ടിപ്പോകും

 മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ഭാര്യയ്‌ക്ക് ഊരാളുങ്കൽ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കഴിഞ്ഞദിവസം ഊരാളുങ്കൽ സൊസൈറ്റിയിൽ ഇ ഡി നടത്തിയ പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ലഭിച്ചത്. നിക്ഷേപമുളളവരുടെ പട്ടിക പരിശോധിച്ചെങ്കിലും ഈ ഗണത്തിൽ രവീന്ദ്രന്റെ പേരില്ല.

ഇതേതുടർന്നാണ് ബന്ധുക്കളുടെ പേരിൽ ഇടപാടുണ്ടോ എന്ന് എൻഫോഴ്‌സ്‌മെന്റ് അന്വേഷിച്ചത്. തുടർന്നാണ് 2018ൽ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരിൽ പ്രൊക്ലൈനർ വാടകയ്‌ക്ക് കൈമാറിയതായി രേഖ ലഭിച്ചത്. എൺപത് ലക്ഷത്തിലധികം രൂപ വിലയുളള മണ്ണുമാന്തിയന്ത്രം 2018ൽ സൊസൈറ്റിക്ക് നൽകിയ വാടകയിനത്തിൽ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കിൽ വാടക കൈമാറണമെന്നായിരുന്നു സൊസൈറ്റിയുമായുളള കരാർ. എൺപത് ലക്ഷമായിരുന്നു മണ്ണുമാന്തി യന്ത്രത്തിന്റെ വില. രണ്ടര വർഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുളള മുക്കത്തെ പാറമടയിലാണ് യന്ത്രം പ്രവർത്തിക്കുന്നത്. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങൾ എത്തിയിരുന്നതായും ബാങ്ക് രേഖകളിലുണ്ട്. ഇതിന്റെ മുഴുവൻ തെളിവുകളും എൻഫോഴ്‌സ്‌മെന്റ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്ന് നേരത്തെ എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles