Monday, September 21, 2026

ഐഎൻഎസ് വിക്രാന്തിനു ബോംബ് ഭീഷണി; ഒന്നര മാസമായിട്ടും പ്രതികളെ പിടികൂടിയില്ല; പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന് ആക്ഷേപം

കൊച്ചി : കൊച്ചി കപ്പൽശാലയിൽ (Cochin Shipyard) ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധ കപ്പലായ ഐഎൻഎസ് വിക്രാന്തിനു ബോംബ് ഭീക്ഷണി നേരിട്ട് ഒന്നര മാസം പിന്നിടുമ്പോഴും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രോട്ടോൺ മെയിലിൽ നിന്നും ഭീക്ഷണി എത്തിയതാണ് അന്വേഷണം പ്രതിന്ധിയിലാകാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി കപ്പൽ ശാലയിൽ നിർമാണം പുരോഗമിക്കുന്ന വിമാനവഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിനെതിരായി നാല് തവണയാണ് ഭീഷണി സന്ദേശം ലഭിച്ചത്. നാല് തവണയും ഇമെയിൽ എത്തിയത് പ്രോട്ടോൺ മെയിലിൽ നിന്നാണ്. കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘം പ്രോട്ടോൺ മെയിൽ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ ഇവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പ്രോട്ടോൺ മെയിലിൽ അക്കൗണ്ട് ഉണ്ടാക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ലാത്തതിനാൽ മറുപടി ലഭിച്ചാലും കാര്യം ഉണ്ടാകില്ലെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ പോലീസ് സംശയം ഉള്ളവരുടെ പട്ടിക ഉണ്ടാക്കി ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇപ്പോൾ ഭീഷണി സന്ദേശം (Threatening E-Mail) നിലച്ചത് അന്വേഷണം ശക്തമായതിന്റെ ഫലമായാണെന്നാണ് പോലീസ് നിഗമനം.

എന്നാൽ വിഷയത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് കപ്പൽ ബോംബിട്ടു തകർക്കുമെന്ന ആദ്യ ഇമെയിൽ സന്ദേശം ലഭിച്ചത്. കപ്പൽ ശാല ഉദ്യോഗസ്ഥർക്ക് മൂന്നും പോലീസ് സ്റ്റേഷനിലേക്ക് രണ്ടും ഭീഷണി സന്ദേശങ്ങളാണ് എത്തിയത്. ഐപി അഡ്രസ്സ് പരിശോധിച്ചതിൽ നിന്നും സന്ദേശത്തിന് പിന്നിൽ കപ്പൽ ശാലയ്ക്ക് അകത്തു നിന്നുള്ളവരാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. അതേസമയം അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ നുഴഞ്ഞുകയറിയ സംഭവത്തിലും അന്വേഷണം (Investigation) പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മൂന്നു വർഷമായി കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്ത് വരികയായിരുന്നു ഈദ് ഗുൽ. അസം സ്വദേശി എന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കിയാണ് ഇയാൾ ഇവിടെ ജോലി ചെയ്തത്. ഇത്തരത്തിൽ ഏതാനും ആളുകൾ ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച് ഷിപ്പ്‌യാർഡിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. എന്നാൽ വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈദ് ഗുൾ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. തുടർന്ന് ഇയാളുടെ ലൊക്കേഷൻ അന്വേഷിച്ചപ്പോൾ കൊൽക്കത്തയിലുണ്ടെന്നു വിവരം ലഭിച്ചു. ശേഷം അന്വേഷണ സംഘം കൊൽക്കത്തയിലെത്തി പിടികൂടുകയായിരുന്നു.

Related Articles

Latest Articles