കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.
തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു. പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി ഒത്താശചെയ്തുവെന്നും താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം ബോർഡ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയപ്പോൾ തന്ത്രി അത് തടയാൻ തയ്യാറായില്ല. പകരം, പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും എസ്‌ഐടി പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരത്തേതന്നെ ബന്ധമുണ്ടായിരുന്നതായും ആ ബന്ധം ഉപയോഗിച്ചാണ് സ്വർണപാളികൾ കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല.

