Friday, January 9, 2026

കോന്നി താലൂക്ക് ഓഫിസ് ജീവനക്കാരുടെ കൂട്ട അവധി;
സിപിഎമ്മും സിപിഐയും രണ്ടു ധ്രുവങ്ങളിൽ ;കൂട്ട അവധി അനുകൂലിച്ച് സിപിഐ ,
ജീവനക്കാരുടെ നടപടി അംഗീകരിക്കാനാകാത്തതെന്നു സിപിഎം

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫിസ് ജീവനക്കാരുടെ കൂട്ട അവധി വൻ വിവാദമായ സാഹസിചര്യത്തിൽ ജീവനക്കാർക്കെതിരെ സിപിഎം രംഗത്തെത്തി. ജീവനക്കാരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു വ്യക്തമാക്കി. എംഎല്‍എയുടെത് ശരിയായ ഇടപെടലാണ്. എംഎല്‍എയുടെ പദവി എഡിഎമ്മിനേക്കാള്‍ മുകളിലാണെന്ന് സിപിഐയ്ക്ക് ഒരു അടിയെന്നോണം അദ്ദേഹം പറഞ്ഞു.

അതെ സമയം അവധിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്നും. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നുമാണ് കാനത്തിന്റെ നിലപാട് .

കോന്നി തഹസില്‍ദാരുടെ കസേരയില്‍ സിപിഎം എംഎല്‍എ ആയ കെ.യു.ജനീഷ് കുമാര്‍ ഇരുന്നതിനെ വിമർശിച്ച് സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍.ഗോപിനാഥന്‍ രംഗത്തു വന്നു. എംഎല്‍എയുടെത് അപക്വമായ നടപടിയാണെന്നും റവന്യൂ വകുപ്പിലും സര്‍ക്കാരിലും എന്തോ കുഴപ്പമുണ്ടെന്ന് ചിത്രീകരിക്കുന്ന രീതിയിലായിരുന്നു എംഎല്‍എയുടെ സമീപനമെന്നും ഇതില്‍ പാര്‍ട്ടിയുടെ പ്രതിഷേധം സിപിഎമ്മിനേയും മുന്നണിയേയും അറിയിക്കുമെന്നും പി.ആര്‍.ഗോപിനാഥന്‍ വ്യക്തമാക്കി .

ആകെയുള്ള 60 ജീവനക്കാരിൽ തഹസില്‍ദാരും ഡപ്യൂട്ടി തഹസില്‍ദാര്‍മാരും ഉൾപ്പെടെ 35 പേരാണ് ഇന്നലെ ജോലിക്ക് ഹാജരാകാതെ കൂട്ടത്തോടെ അവധിയെടുത്തത്. സംഭവത്തില്‍ വിമർശനം ഉയർന്നതിനെ തുടർന്ന് സ്ഥലം എംഎൽഎയായ കെ.യു.ജനീഷ് കുമാർ ഓഫിസിലെത്തി അറ്റൻഡൻസ് റജിസ്റ്റർ പരിശോധിച്ചിരുന്നു.

Related Articles

Latest Articles