Thursday, May 16, 2024
spot_img

‘റഷ്യൻ ക്രൂഡോയിൽ വ്യാപാരം സംബന്ധിച്ച ഉപരോധചട്ടങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധം’ – ഇന്ത്യൻ ഷിപ്പിങ് കമ്പനിയുടെ കപ്പലുകളുടെസർട്ടിഫിക്കേഷൻ റദ്ദാക്കാനൊരുങ്ങി ലോയിഡ്സ് റജിസ്റ്റർ

ലണ്ടൻ : റഷ്യൻ ക്രൂഡോയിൽ വ്യാപാരം സംബന്ധിച്ച ഉപരോധചട്ടങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യൻ കമ്പനിയായ ഗതിക് ഷിപ്പ് മാനേജ്മെന്റിന്റെ കീഴിലുള്ള 21 കപ്പലുകളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്ന് ലണ്ടൻ കേന്ദ്രമായുള്ള ലോയിഡ്സ് റജിസ്റ്റർ വ്യക്തമാക്കി. റഷ്യ- യുക്രയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള കമ്പനിയാണ് ഗതിക് ഷിപ്പ് മാനേജ്മെന്റ്. അടുത്തമാസം മൂന്നിനകം കമ്പനിയുടെ 21 കപ്പലുകളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്നാണ് ലോയിഡ്സ് റജിസ്റ്ററിന്റെ അറിയിപ്പ്.

റഷ്യൻ എണ്ണയുടെ വ്യാപാരം സംബന്ധിച്ച ഉപരോധചട്ടങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യാന്തര ഉപരോധങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കപ്പലുകൾക്കുള്ള സേവനങ്ങൾ പിൻവലിക്കുമെന്നും ലോയ്ഡ്സ് റജിസ്റ്റർ അധികൃതർ വ്യക്തമാക്കി. കപ്പലിന്റെ പ്രവർത്തനക്ഷമതാ പരിശോധന, ഇൻഷുറൻസ്, തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനുള്ള അനുമതി മുതലായവയാണ് ലോയ്ഡ്സ് റജിസ്റ്റർ ഉൾപ്പെടെയുള്ള ക്ലാസിഫിക്കേഷൻ സൊസൈറ്റികൾ നൽകുന്നത്.

കമ്പനിയുടെ കപ്പലുകളിൽ 11 എണ്ണം ഇന്ത്യൻ റജിസ്‌റ്റർ ഓഫ് ഷിപ്പിങ്ങിന്റെ (ഐആർക്ലാസ്) കീഴിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതെ സമയം മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗതിക് ഷിപ്പ് മാനേജ്മെന്റ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല. യുക്രയ്ൻ യുദ്ധത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും ബഹിഷ്കരണം നടത്തുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്.

Related Articles

Latest Articles