തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ എസ് എഫ് ഇ 35.99 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താല്പര്യം കെ എസ് എഫ് ഇ മാനേജ്മെന്‍റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ എസ് എഫ് ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി.
സഹകരണ വകുപ്പിന്‍റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെ എസ് എഫ് ഇ നിര്‍മ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും തീരുമാനിച്ചു.

