Tuesday, September 29, 2026

നവീൻബാബുവിനെതിരായ കൈക്കൂലിപ്പരാതി പൊളിയുന്നു; പി പി ദിവ്യയെ പ്രതിയാക്കിയേക്കും; പ്രേരണാക്കുറ്റം ചുമത്താമെന്ന് നിയമോപദേശം

തിരുവനന്തപുരം: കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയെ പ്രതിയാക്കിയേക്കും. പ്രേരണാക്കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതായാണ് സൂചന. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയ നവീൻ ബാബുവിന്റെ വിടപറയൽ ചടങ്ങിൽ പി പി ദിവ്യ എത്തി അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തി പൊതു മദ്ധ്യത്തിൽ അപമാനിച്ചിരുന്നു. അന്ന് വൈകുന്നേരം പത്തനംതിട്ടയിലേക്ക് പോകാനിരുന്ന നവീൻ ബാബു യാത്ര റദ്ദാക്കി ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടികളിലേക്ക് കടക്കുന്നത്.

അതേസമയം നവീൻ ബാബുവിനെതിരെ ഉയർന്ന കൈക്കൂലിപ്പരാതി വ്യാജമാണെന്ന സൂചനകൾ പുറത്തുവന്നു. പെട്രോൾ പമ്പിന്റെ എൻ ഒ സി വൈകിയതിന് കാരണം പോലീസിന്റെ എതിർപ്പായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. പമ്പിനായി കണ്ടെത്തിയ സ്ഥലം നിയമപ്രകാരം അതിന് യോജിച്ചതല്ലെന്നും അവിടെ കൊടും വളവുള്ളതിനാൽ അപകടം വർദ്ധിപ്പിക്കുമെന്നുമായിരുന്നു റൂറൽ എസ് പിയുടെ ആദ്യ റിപ്പോർട്ട്. എന്നാൽ എൻ ഒ സി വൈകിപ്പിച്ചത് എ ഡി എം ആണെന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. പമ്പുടമയുടെ ഇടപാടുകളെ കുറിച്ചും അന്വേഷണത്തിന് സാധ്യതയുണ്ട്.

അന്തരിച്ച നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ പൊതുദർശനത്തിന് വച്ചു. സഹപ്രവർത്തകരും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാനത്തെ സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു നവീൻ ബാബുവെന്ന് റവന്യു വകുപ്പ് പ്രഖ്യാപിച്ചത് പി പി ദിവ്യയ്ക്ക് തിരിച്ചടിയായി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി സ്വവസതിയിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles