നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയ്ക്കെതിരെ തെളിവുകളില്ലെന്നും ഉള്ളത് ഇന്റലിജൻസ് വിവരങ്ങൾ മാത്രമാണുള്ളതെന്നും അന്വേഷണ കമ്മീഷന് മുന്നിൽ മൊഴിനൽകി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ നേരത്തെയുള്ള ആരോപണം. വിദേശ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കുന്ന ആന്തരിക അന്വേഷണ കമ്മീഷന് മുന്നിലാണ് ട്രൂഡോ മുൻ നിലപാടിൽ നിന്ന് വ്യതസ്തമായ മൊഴി നൽകിയത്. കൊലപാതകത്തെ കുറിച്ച് കാനഡയ്ക്ക് അറിയാവുന്ന വിവരങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും ഇന്ത്യ കാനഡയോട് ചോദിച്ചിരുന്നു. എന്നാൽ നിങ്ങളുടെ രഹസ്യാന്വേഷണ ഏജന്സികളോട് ചോദിക്കു അവരുടെ കയ്യിൽ തെളിവുകളുണ്ടാകും എന്നാണ് കാനഡ മറുപടി നൽകിയിട്ടുള്ളത്. ഇന്റലിജൻസ് വിവരങ്ങളല്ലാതെ നമ്മുടെ പക്കൽ തെളിവുകളില്ല എന്നാണ് ട്രൂഡോയുടെ മൊഴി.
അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ട്രൂഡോയുടെ മൊഴി. ഇന്ത്യൻ ഹൈക്കമ്മീഷണറെ കാനഡ പേഴ്സൺ ഓഫ് ഇന്റെറസ്റ്റ് ആയി കാനഡ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇന്ത്യ ദില്ലിയിലെ കനേഡിയൻ ഹൈകമ്മീഷണർ അടക്കം ആറു നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കിയിരുന്നു. കാനഡയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെളിവുകൾ ഉണ്ടെങ്കിൽ കൈമാറണമെന്നും ആയിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ തെളിവ് ഹാജരാക്കാൻ കാനഡയ്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ തലവൻ ഗുരുപത്വന്ത് സിംഗ് പന്നൂനും ചില വെളിപ്പെടുത്തലുകൾ ഇന്നലെ നടത്തിയിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നാണ് പന്നൂൻ പറഞ്ഞത്. കനേഡിയൻ ഭരണകൂടവും ഖാലിസ്ഥാൻ ഭീകര സംഘടനകളും ഇന്ത്യയ്ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന ഇന്ത്യയുടെ ആരോപണത്തിന് ബലമേകുന്നതാണ് ഈ വെളിപ്പെടുത്തൽ

