Wednesday, May 22, 2024
spot_img

”തന്തയില്ലാത്ത കുഞ്ഞിനെ ഉണ്ടാക്കിത്തരുമെന്ന് ഭീഷണി, എസ്എഫ്‌ഐ പ്രവർത്തകർ എന്നെ കടന്നു പിടിച്ചു”: എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ (SFI Attack) നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ എഐഎസ്എഫ് സംസ്ഥാന സമിതി അംഗം നിമിഷ രാജു മൊഴി നല്‍കി. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഐഎസ്എഫ് പ്രവർത്തകയായ നിമിഷ ഉന്നയിച്ചത്.

പോലീസിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു നിമിഷയുടെ വെളിപ്പെടുത്തൽ. സംഘർഷത്തിനിടെ എസ്എഫ്‌ഐക്കാർ തന്നെ കടന്നുപിടിച്ചെന്ന് പരാതിയിൽ പറയുന്നു. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആർ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് പ്രധാന ആരോപണം.

എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കോട്ടയം ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിലാണ് യുവതി ഇതു സംബന്ധിച്ച് പരാതി നൽകിയത്. നടപടിയെടുക്കുന്നതു വരെ പോരാടുമെന്നും നിമിഷ പറഞ്ഞു.ശരീരത്തിൽ കടന്നു പിടിച്ചു, വസ്ത്രം വലിച്ചുകീറി, തലയ്‌ക്ക് പുറകിലും കഴുത്തിനു പുറകിലും അടിച്ചു, നടുവിന് ചവിട്ടി ഈ രീതിയിൽ ക്രൂരമായി മർദ്ദിക്കുകയും കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ചെയ്‌തെന്ന് നിമിഷ പരാതിയിൽ പറയുന്നു. ഒരുമിച്ച് ക്ലാസിലിരുന്ന് പഠിച്ചവരാണ് ഇതുപോലെ ചെയ്തത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. എറണാകുളം ജില്ലാ നേതാക്കളായ അമൽ സിഎ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്. സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു. തുടര്‍ന്ന് എഐഎസ്എഫ് വനിതാ നേതാവ് രോഷാകുലയായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഏകപക്ഷീയമായിരുന്നു ആക്രമണമെന്നും നിമിഷ പരാതിയിൽ പറയുന്നു. അതേസമയം വനിതാ കമ്മീഷനില്‍ പരാതി നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ടെന്നും നിമിഷ വ്യക്തമാക്കി.

Related Articles

Latest Articles