എറണാകുളം :കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജന്റെ പരാതിയിൽ ട്വന്റി -ട്വന്റി ചീഫ് കോർഡിനേറ്റർ സാബു.എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.ഐക്കര നാട് കൃഷിഭവൻ സംഘടിപ്പിച്ച കാർഷിക ദിനാചരണത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎ യെ പരസ്യമായി അപമാനിച്ചെന്നും ജാതീയ അധിക്ഷേപം നടത്തിയെന്നുമാണ് പരാതി .ട്വന്റി -ട്വന്റിയെ നശിപ്പിക്കാനാണ് പരാതിയന്നും,തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നും സാബു എം ജേക്കബ് പ്രതികരിച്ചു .
ഐക്കര നാട് കൃഷിഭവൻ സംഘടിപ്പിച്ച കാർഷിക ദിനാചരണത്തിൽ ഉദ്ഘാടകനായി ക്ഷണിച്ചതു പ്രകാരമാണ് എംഎൽഎ പിവി ശ്രീനിജൻ വേദിയിലെത്തിയത് .തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വേദിയിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു.ഇത് ട്വന്റി -ട്വന്റി ചീഫ് കോർഡിനേറ്റർ സാബു.എം.ജേക്കബിന്റെ ഗൂഡാലോചനയുടെ ഭാഗമായാണെന്ന് പരാതിയിൽ പറയുന്നു.എംഎൽഎ ആയതുമുതൽ തന്നെ സാബു. എം. ജേക്കബ് അപമാനിക്കുകയാണെന്നും നിരന്തര ആക്രമണം കൊണ്ടാണ് പരാതി നൽകിയതെന്നും എംഎൽഎ പറഞ്ഞു
ആരോപണം സാബു. എം. ജേക്കബ് നിഷേധിച്ചു.എൽഡിഎഫ് -യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടില്ല എന്നത് ട്വന്റി -ട്വന്റി പാർട്ടിയുടെ തീരുമാനമാണ്.മുൻകൂർജാമ്യത്തിനു പോലും ശ്രമിക്കില്ലെന്നും ബഹിഷ്‌കരണം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കേസിൽ ഒന്നാം പ്രതിയാണ് സാബു. എം. ജേക്കബ്. ഐക്കര നാട് പഞ്ചായത് പ്രസിഡണ്ട് ഡീന ദീപക്കാണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങളുൾപ്പെടെ കേസിലാകെ ആറു പ്രതികളാണുള്ളത്

