Friday, May 3, 2024
spot_img

കോവിഡ് വാക്‌സിനേഷൻ; നാല് സംസ്ഥാനങ്ങളില്‍ മോക് ഡ്രില്‍; രാജ്യത്തെ നാലിലൊന്ന് ജനങ്ങൾക്ക് ആദ്യഘട്ടത്തിൽ വാക്സിനേഷൻ

ദില്ലി: കോവിഡ് പ്രതിരോധ വാക്‌സിനേഷന് എടുക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്ത ആഴ്ച നടത്തും. നാല് സംസ്ഥാനങ്ങളിലായാണ് ഇത് നടത്തുക. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ തീരുമാനിച്ചിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലും രണ്ട് ജില്ലകളില്‍ വീതം അഞ്ച് സെക്ഷനുകളായാണ് ഡ്രൈ റണ്‍ നടത്തുക. ഡിസംബര്‍ 28, 29 തീയതികളിലാണ് ഡ്രൈ റണ്‍ നടക്കുക. വാക്‌സീന്‍ കുത്തിവയ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ഡ്രൈ റണ്ണില്‍ ഉണ്ടാകും. വാക്‌സീന്‍ വിതരണത്തിനുള്ള മാര്‍ഗരേഖകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്‌സീന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍, ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയുടെ കൃത്യത ഡ്രൈ റണ്ണില്‍ പരിശോധിക്കും. കൂടാതെ ബ്ലോക്ക്, ജില്ലാ തലത്തിലുള്ള ഒരുക്കങ്ങള്‍ മോക് ഡ്രില്ലില്‍ വിലയിരുത്തും.

വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്രൈ റണ്‍ നടത്തുക. വാക്‌സിന്‍ ശേഖരണം, വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തിയും ഡ്രൈ റണ്ണില്‍ പരിശോധിക്കുന്നുണ്ട്. യഥാര്‍ത്ഥ വാക്‌സിന്‍ കുത്തിവയ്ക്കുന്നത് ഒഴികെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ എല്ലാവ്യവസ്ഥകളും ഡ്രൈ റണ്ണില്‍ പരിശോധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ കേന്ദ്രത്തിലും ഡോക്ടര്‍ക്കു പുറമേ നഴ്‌സ്, ഫാര്‍മസിസ്റ്റ്, പോലീസ്, ഗാര്‍ഡ് എന്നിവരും ഉണ്ടാകും. വാക്‌സീന്‍ കുത്തിവച്ച്‌ അരമണിക്കൂറിനുള്ളില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനവും ഡ്രൈ റണ്ണില്‍ പരിശോധിക്കും. കുത്തിവയ്പ്പിനും നിരീക്ഷണത്തിനും പ്രത്യേകം മുറികളാണ് സജ്ജീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയും യു എന്‍ ഡി പി യും കൂടി സഹകരിച്ചാണ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്‌സിന്‍ കുത്തിവയ്ക്കുക എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറഞ്ഞിരിക്കുന്നത്.

Related Articles

Latest Articles