ഇംഫാൽ:മണിപ്പൂരിൽ വീണ്ടും സംഘർഷം.ഒരു സ്ത്രീയടക്കം മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഖോക്കൻ ഗ്രാമത്തിലാണ് സംഘർഷം ഉണ്ടായതെന്നാണ് വിവരം.കലാപവുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ പ്രത്യേകം അന്വേഷണ സംഘത്തെ സി ബി ഐ രൂപീകരിച്ചു.ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.തിങ്കളാഴ്ച വെസ്റ്റ് ഇംഫാൽ ജില്ലയിലും മറ്റിടങ്ങളിലും സായുധസംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. കുകി – മേയ്തി വിഭാഗവും കുകി – വില്ലേജ് വളണ്ടിയര്‍ സംഘവും തമ്മിലാണ് വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു.അക്രമങ്ങളിൽ സൈനികര്‍ക്കും പരിക്കേറ്റു.
വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മേയ് മൂന്നിന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടി. ഈ മാസം 10 വരെയാണ് നിരോധനം തുടരുക. കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിനാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. പുതിയ ഉത്തരവുപ്രകാരം ഈമാസം 10ന് വൈകിട്ട് മൂന്നുവരെയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്.

