Saturday, May 18, 2024
spot_img

പാർലമെന്റ് തെരഞ്ഞെടുപ്പ് തൊട്ടരികെ;തമ്മിലടിച്ച് കോൺഗ്രസ് !തിരുവനന്തപുരം ഡിസിസിയിൽ കയ്യാങ്കളി; തമ്പാനൂർ സതീഷും തരൂരിന്റെ സ്റ്റാഫും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം : പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി (ഡിസിസി) യോഗത്തിനിടെ കോൺഗ്രസ്സുകാർ തമ്മിൽ കയ്യാങ്കളി. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും തിരുവനന്തപുരം എംപി ശശി തരൂരിന്റെ സ്റ്റാഫും തമ്മിൽ വാക്കേറ്റമുണ്ടായി. തന്നെ ശശി തരൂർ എംപിയുടെ ഓഫിസ് സ്റ്റാഫ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി തമ്പാനൂർ സതീഷ് ആരോപിച്ചു. നിയോജക മണ്ഡലം യോഗം നടക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്കു ശേഷം ഡിസിസി ഓഫിസിലായിരുന്നു സംഭവം.

ശശി തരൂരിന്റെ ഒപ്പമെത്തിയവരെ യോഗത്തിൽ പങ്കെടുപ്പിക്കാനാകില്ലെന്ന ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് നിലപാടെടുത്തതാണ് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായതെന്നാണ് വിവരം. ശശി തരൂരിനെ ജനങ്ങളിൽനിന്ന് അകറ്റുന്നത് അദ്ദേഹത്തിന്റെ സ്റ്റാഫാണെന്ന ആരോപണം ഉയർത്തിയാണ് ഇവരെ തടയണമെന്ന നിലപാട് സതീഷ് കൈക്കൊണ്ടത്. തുടർന്ന് ഇത് ചോദിക്കാൻ യോഗത്തിനുശേഷം തരൂരിന്റെ പിഎ ഉൾപ്പെടെയുള്ളവർ എത്തിയതോടെയാണ് സംഘർഷമുണ്ടായതെന്ന് തമ്പാനൂർ സതീഷ് പറഞ്ഞു.

‘‘ആ യോഗത്തിൽ എന്റെയടുത്ത് പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റ് മോഹൻരാജാണ് ഇരുന്നത്. തരൂർ വരുമ്പോൾ 15 ഗുണ്ടകളെയുംകൊണ്ട് വരാറുണ്ട്. അവരെയൊന്നും യോഗത്തിൽ ഇരുത്താൻ പറ്റില്ലെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അവരെ പുറത്തിറക്കി നിർത്തണമെന്നും പറഞ്ഞു. കാരണം, അവരാണ് ആളുകളെ കാണുന്നതിൽനിന്ന് അദ്ദേഹത്തെ തടയുന്നത്. ജനങ്ങളിൽ നിന്ന് അകറ്റുന്നതും അവർ തന്നെ. അതുകൊണ്ട് ഒരു കാരണവശാലും യോഗത്തിൽ പങ്കെടുപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അദ്ദേഹം ഇക്കാര്യം തരൂരിനോടു പറയുന്നതു കേട്ടു. പിന്നീട് മൊബൈലിൽ എന്തോ കുത്തിക്കുറിക്കുന്നതും കണ്ടു. അത് എന്താണെന്ന് നമുക്കറിയില്ല. ഞാൻ യോഗം കഴിഞ്ഞ് ഇറങ്ങിവന്നപ്പോൾ പ്രവീൺ എന്ന സ്റ്റാഫിന്റെ നേതൃത്വത്തിൽ എട്ടു പത്തു ഗുണ്ടകൾ വളരെ ആസൂത്രിതമായി എന്നെ വളഞ്ഞ് കയ്യേറ്റം ചെയ്തു.’ – സതീഷ് പറഞ്ഞു..

Related Articles

Latest Articles