Sunday, January 4, 2026

പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; ഇറാന് തിരിച്ചടി കൊടുക്കാനുറച്ച് സൗദിയും അമേരിക്കയും: യു എ ഇയെ ലക്ഷ്യമിട്ട് ഹൂതികള്‍

റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍റെ കരങ്ങളാണെന്ന് ഉറപ്പിച്ച അമേരിക്ക തിരിച്ചടി നല്‍കാന്‍ തങ്ങള്‍ പൂര്‍ണസജ്ജരാണെന്ന് ആവര്‍ത്തിച്ചു. രാജ്യസുരക്ഷയ്ക്ക് നേരെയുള്ള എന്ത് ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും തിരിച്ചടിക്കുമെന്നും സൗദി അധികൃതരും വ്യക്തമാക്കിയതോടെ മേഖലയില്‍ സൈനിക നീക്കം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇത് സംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യെമനില്‍ ഭരണം നടത്തുന്ന ഹൂതി വിമതര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൗദിക്ക് നേരെ ഇനിയും ആക്രമണം നടത്തുമെന്നും ഹൂതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൂതി വിമതര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും സംഭവത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിക്കുന്നത്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ഉന്നയിച്ച ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി ഇറാന്‍ പ്രതികരിച്ചു. അതേസമയം, ഇറാന്റെ പേരെടുത്തു പറയാതെയായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇതാദ്യമായാണ് അമേരിക്കന്‍ സേന പ്രതികരിക്കുമെന്ന സൂചന ട്രംപ് നല്‍കുന്നത്. ഇതിന് പിന്നാലെയാണ് ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് വ്യക്തമാക്കി സൗദി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലിക്കി രംഗത്തെത്തുന്നത്.

ആക്രമണം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇറാന്‍ നിര്‍മിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് എവിടെ നിന്നും വിക്ഷേപിച്ചതാണെന്ന കാര്യത്തില്‍ ചില അവ്യക്തതകളുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles