Thursday, March 28, 2024
spot_img

കര്‍ണാടകയിലെ വിമതരെല്ലാം ബിജെപിയില്‍ ചേരും; താമര ചിഹ്നത്തില്‍ മത്സരിച്ചേക്കും

ബംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് സൂചന. വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ബിജെപിയില്‍ നിന്നും ക്ഷണം ലഭിച്ചുവെന്ന് വിമതരുടെ നേതാവായ എച്ച്.വിശ്വനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ അയോഗ്യരായവര്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ഥികളാകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

സ്പീക്കറുടെ അയോഗ്യതയ്ക്കെതിരേ 17 എംഎല്‍എമാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് മാത്രമാണ് നീക്കിക്കിട്ടിയത്. അയോഗ്യത തുടരുമെന്ന് സുപ്രീംകോടതി വിധിച്ചതോടെ ഇവരുടെ എംഎല്‍എ പദവി നഷ്ടമായി. എന്നാല്‍ മത്സരിക്കാനുള്ള വിലക്ക് റദ്ദാക്കിയതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാന്‍ കഴിയുമെന്നതാണ് വിമതരുടെ ആശ്വാസം. ഇതോടെയാണ് ഇവരെല്ലാം ബിജെപിയില്‍ ചേരുന്നത്.

14 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും മറുകണ്ടം ചാടിയാണ് എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിനെ കര്‍ണാടകത്തില്‍ വീഴ്ത്തിയത്. പിന്നാലെ ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന ആദ്യ പരീക്ഷയാണ് ഡിസംബര്‍ അഞ്ചിന് നടക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. കര്‍ണാടക ഹൈക്കോടതിയിലെ കേസ് മൂലം രണ്ടു മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പില്ല.

Related Articles

Latest Articles