Tuesday, May 14, 2024
spot_img

നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ശശി തരൂർ; പാർട്ടിയുടെ വിമർശകന് സീറ്റ് കൊടുത്തതിൽ കടുത്ത അമർഷം രേഖപ്പെടുത്തി സമൂഹമദ്ധ്യമങ്ങളിൽ പോസ്റ്റ്; തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൂടിയായ തരൂർ വീണ്ടും കോൺഗ്രസ് നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയാകുന്നു ?

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജയ്‌പൂർ ഡയലോഗിന്റെ ഡയറക്ടർമാരിൽ ഒരാളായ സുനിൽ ശർമയ്ക്ക് പാർട്ടി സീറ്റ് നൽകിയതിനെ നിശിതമായി വിമർശിച്ച് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ. ഏത് വെളിപാടിന്റെ പേരിലാണ് സുനിൽ ശർമയ്ക്ക് സീറ്റ് കൊടുത്തതെന്ന ചോദ്യമാണ് തരൂർ എക്സ് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിനെ നിരവധി തവണ ജയ്‌പൂർ ഡയലോഗ് അതിന്റെ ചർച്ചകളിലൂടെ ആക്രമിച്ചിട്ടുണ്ട്. ശശി തരൂരിനും രാഹുൽ ഗാന്ധിക്കും എതിരേറ്റുള്ള സുനിൽ ശർമയുടെ മുൻകാല ട്വീറ്റും തരൂർ പങ്കുവച്ചിട്ടുണ്ട്. ജയ്‌പൂർ ലോക്‌സഭാ സീറ്റിലേക്കാണ് പാർട്ടി ഇന്നലെ സുനിൽ ശർമയുടെ പേര് പ്രഖ്യാപിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ തന്നെ ഉയരുന്നുണ്ട്. ഈ പ്രതിഷേധം ഏറ്റുപിടിച്ചാണ് തരൂർ ഒരിക്കൽ കൂടി നേതൃത്വത്തിന് പിന്നിലെ കരടാകുന്നത്. നേരത്തെ എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ പല നേതാക്കന്മാരും വിമർശിച്ച് രംഗത്ത് വന്നിരുന്നു.

കോൺഗ്രസ്സുമായി അടുത്ത ബന്ധമുള്ളവരാണ് സുനിൽ ശർമയുടെ കുടുംബം. കൂടാതെ അദ്ദേഹം സുരേഷ് ഗ്യാൻ വിഹാർ യൂണിവേഴ്‌സിറ്റിയുടെ ചെയർമാനും ചാൻസിലറുമാണ്. എന്നാൽ വലതുപക്ഷ ചിന്ത പ്രോത്സാഹിപ്പിക്കുന്ന വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനായ സഞ്ജയ് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആയ ജയ്‌പൂർ ഡയലോഗുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് ഇപ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾക്ക് കാരണം. സുനിൽ ശർമയ്ക്ക് സീറ്റ് നൽകിയ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്ന വിമത പക്ഷത്തേക്കാണ് ഇപ്പോൾ ശശി തരൂരും എത്തിയിരിക്കുന്നത്.

ചർച്ചകളിൽ പാനലിസ്റ്റായി പങ്കെടുക്കും എന്നല്ലാതെ ജയ്‌പൂർ ഡയലോഗിന്റെ മാനേജ്മെന്റുമായി ബന്ധമൊന്നുമില്ലെന്നാണ് സുനിൽ ശർമ്മ വിശദീകരിക്കുന്നത്. എന്നാൽ ചില വെബ്സൈറ്റുകൾ നൽകുന്ന വിവരങ്ങളനുസരിച്ച് സുനിൽ ശർമ്മ ജയ്‌പൂർ ഡയലോഗിന്റെ 2019 ൽ നിയമിച്ച അഞ്ചു ഡയറക്ടർമാരിൽ ഒരാളാണ് സുനിൽ ശർമ്മ. 2016 മുതലാണ് ജയ്‌പൂർ ഡയലോഗ് പ്രവർത്തിച്ചുവരുന്നത്.

Related Articles

Latest Articles