Wednesday, November 25, 2026

മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി: നടപടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ

കണ്ണൂർ: പാര്‍ട്ടി അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ കോൺഗ്രസ് പുറത്താക്കി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തിൽ ബദൽ പാനൽ മത്സരിക്കാൻ തയ്യാറായതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്ന വിവരം കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് അറിയിച്ചത്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താൽക്കാലിക ചുമതല നൽകി.

അതേസമയം നേരത്തെ ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും തമ്മില്‍ പരസ്യ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു. കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മമ്പറം ദിവാകരൻ കോൺഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.

Related Articles

Latest Articles