ലൈംഗിക ആരോപണത്തെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു എന്ന് പറയുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന ആരോപണവുമായി ബിജിപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി കൃഷ്ണകുമാർ. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
” രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും രാഹുലിന് സ്വന്തം മണ്ഡലത്തിൽ ഒളിച്ച് വരേണ്ടി വരുന്നു, തെറ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുലിനും ഉറപ്പുണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ല.”- കൃഷ്ണകുമാര്‍ പറഞ്ഞു.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തിയത്. ആരോപണങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യമായാണ് പാലക്കാട് എത്തിയത്. ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്. അതേസമയം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചില്ല. അതിനിടെ, എംഎൽഎ ഓഫീസിന് പോലീസ് സുരക്ഷ കൂട്ടി. രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും ഡിവൈഎഫ്‌ഐയും രംഗത്തെത്തി.

