ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ സ്ഥിരീകരണമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് സംസ്ഥാന ഘടകങ്ങളുടെ ആവശ്യം മാത്രമാണെന്നും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നുമായിരുന്നു ഹൈക്കമാന്‍ഡിന്റെ പ്രതികരണം.
രാഹുല്‍ മത്സരിക്കുന്നതിന്റെ ഭാഗമായി വടകര, വയനാട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ദക്ഷിണേന്ത്യയില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.
അതേസമയം അമേഠിയിൽ വിജയപ്രതീക്ഷയില്ലാത്തതിലാണ് രാഹുൽ സുരക്ഷിത സീറ്റ് തേടുന്നതെന്നു ബിജെപി പരിഹസിച്ചു.

