പാർലമെന്റിൽ സ്ത്രീ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ ‘മഹാ ജംഗിൾ രാജിനെ’ ബംഗാളിലെ പെൺമക്കൾ ചോദ്യം ചെയ്യുന്നതുകൊണ്ടാണ് അവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ തൃണമൂൽ മടിക്കുന്നതെന്ന് ബാങ്കുരയിലെ റാലിയിൽ മോദി പറഞ്ഞു. കോൺഗ്രസുമായി ചേർന്ന് തൃണമൂൽ ഗൂഢാലോചന നടത്തിയതുകൊണ്ടാണ് സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ പാസാക്കാൻ കഴിയാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തൃണമൂലിന് ഭയമാണെന്നും, വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിവാസി സഹോദരിമാരോട് തൃണമൂലിന് പുച്ഛമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭാരതത്തിന് ആദ്യമായി ഒരു ആദിവാസി വനിതാ രാഷ്ട്രപതിയെ നൽകിയത് ബിജെപിയാണെന്നും, എന്നാൽ തൃണമൂലും കോൺഗ്രസും ഈ തീരുമാനത്തെ എതിർത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ബംഗാൾ സന്ദർശിച്ചപ്പോൾ തൃണമൂൽ അവരെ അപമാനിച്ചത് രാജ്യം കണ്ടതാണെന്നും, ആദിവാസി സമൂഹം ഈ അവഹേളനം ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് സുരക്ഷിതത്വവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിൽ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

