കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള അര്‍ഹനായി. 1,23,456 രൂപയും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മാതാ അമൃതാനന്ദമയി മഠത്തിന്റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 26-ന് വൈകീട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ക്കാണ് 2001 മുതല്‍ അമൃതകീര്‍ത്തി പുരസ്‌കാരം നല്‍കിവരുന്നത്. സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
ഭാരതീയ തത്ത്വചിന്തയിലും ആധ്യാത്മികതയിലും അഗാധമായ ജ്ഞാനമുള്ള വ്യക്തിയാണ് ശ്രീധരന്‍ പിള്ളയെന്നും, നിയമ-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഭരണഘടനാ പദവികള്‍ വഹിക്കുമ്പോഴും സാഹിത്യ-വൈജ്ഞാനിക മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ പ്രശംസനീയമാണെന്നും സംഘാടകര്‍ വ്യക്തമാക്കി. കവിത, പ്രബന്ധങ്ങള്‍, നിയമവിഷയങ്ങള്‍, യാത്രാവിവരണങ്ങള്‍, രാഷ്ട്രീയ വിശകലനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന 270-ലധികം പുസ്തകങ്ങളുടെ രചയിതാവാണ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള.

