Monday, May 20, 2024
spot_img

‘പ്രായപൂർത്തിയാകാത്തവരുടെ സമ്മതം, നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ല’;ബലാത്സംഗക്കേസിൽ പ്രതിയുടെ ജാമ്യം തള്ളി ഹൈക്കോടതി

ദില്ലി: പ്രായപൂർത്തിയാകാത്തവരുടെ സമ്മതം, നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, ആധാർ കാർഡിൽ കുട്ടിയുടെ ജനന വർഷം മാറ്റുകയും ചെയ്തിരുന്നു. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആധാർ കാർഡിലെ ജനനത്തീയതി മാറ്റിക്കൊണ്ട് പ്രതി നിയമത്തിൽ നിന്ന് ആനുകൂല്യം നേടാൻ ആഗ്രഹിച്ചിരുന്നു. പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കേസാകാതിരിക്കാൻ വേണ്ടിയാണ് പ്രതി ആധാർ കാർഡ് തിരുത്തിയത് എന്നും കോടതി നിരീക്ഷിച്ചു. 16 വയസ്സുള്ള പ്രായപൂർത്തിയാകാത്തയാളുടെ സമ്മതം, നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ല. 23 കാരനായ പ്രതി വിവാഹിതനായി എന്ന കാരണത്താൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതി തന്റെ കാമുകനാണെന്നും ഒന്നര മാസത്തോളം താൻ അയാളോടൊപ്പം താമസിച്ചുവെന്നും പെൺകുട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ വെളിപ്പെടുത്തി. തന്റെ സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടത്. അയാളോടൊപ്പം താമസിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി. എന്നാൽ പ്രതി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നത് എന്ന് കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.

Related Articles

Latest Articles