ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തിൽ എസ്ഇ-എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ല ഫണ്ട് നിർത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് നിയമോപദേശത്തിൽ പറയുന്നത്. ഇതോടെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലേക്കും തുടര്‍നടപടികളിലേക്കും പോകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലും എസ്‌സി/ എസ്ടി കമ്മിഷനിലുമാണ് ദിനു പരാതി നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറഞ്ഞത്. അടൂരിനെതിരെ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ദിനു ആവശ്യപ്പെട്ടിരുന്നു.
ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലാണ് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

