കൊച്ചി : നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമണം. ഇന്ന് വൈകുന്നേരം മൂന്നരയോടെ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫ്‌ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയ് വിളിച്ചു കൊണ്ടായിരുന്നു ആക്രമണം. തുടര്‍ന്ന് പോലീസും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ വൻ വിമർശനങ്ങള്‍ക്കിടയാക്കുകയും സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതോടെ ഈ വീഡിയോ പിന്‍വലിച്ച് തടിതപ്പാൻ നടൻ ശ്രമം നടത്തി. പിന്നാലെ ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

