ചണ്ഡീഗഢ്: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.പശ്ചിമ ബംഗാളിൽ നിന്നെത്തിയ അന്യസംസ്ഥാന തൊഴിലാളി അബ്ദുൽ കരീമിന്റെ കുടുംബമാണ് പാനിപ്പത്ത് തെഹ്സിൽ ക്യാമ്പിനടുത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ഇവർ താമസിച്ചിരുന്ന ഒറ്റമുറിവീട് പൂർണമായും തകർന്നു. അബ്ദുൾ കരീമും (48), ഭാര്യ അഫ്രോസയും (45), ഇവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത്.
എൽ പി ജി സിലിണ്ടർ ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു. വ്യാഴാഴ്ച രാവിലെ അഫ്രോസ ഉണർന്ന് ചായ ഉണ്ടാക്കാൻ ബർണർ കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടനം സംഭവിച്ചതെന്നും പ്രാഥമിക പരിശോധനയ്ക്ക് ശേഷം പാനിപ്പത്ത് പോലീസ് സൂപ്രണ്ട് ശശാങ്ക് ആനന്ദ് പറഞ്ഞു. സ്ഫോടനത്തിൽ നിമിഷങ്ങൾക്കകം എല്ലാവരും മരണപ്പെട്ടെന്നാണ് നിഗമനം. അകത്ത് നിന്ന് പൂട്ടിയ വാതിൽ തുറക്കാൻ പോലും വീട്ടുകാർക്ക് സമയം ലഭിച്ചില്ലെന്നാണ് തോന്നുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

