Tuesday, May 21, 2024
spot_img

സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല : നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്തവുമായി ബന്ധപ്പെട്ട എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തി. നേതാക്കൾ സ്ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പരസ്യ പ്രസ്താവനകൾ അനുവദിക്കില്ലെന്നും കെ.സുധാകരൻ നിർവാഹക സമിതി യോഗത്തിൽ പറഞ്ഞു.വരുന്ന തെരഞ്ഞെടുപ്പുകളിൽ ഏതു സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും പ്രവർത്തനമേഖല എവിടെയാണെന്നും പാർട്ടി കൂട്ടായി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.

സംഘടനാ കാര്യങ്ങൾ നേതാക്കൾ സ്വയം തീരുമാനിക്കുന്നത് ദോഷം ചെയ്യുമെന്നും പാർട്ടി അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് താൽപര്യമെന്ന് ശശി തരൂർ എംപി സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെ നിയമസഭയിലേക്കു മത്സരിക്കാനാണ് താൽപര്യമെന്ന് ടി.എൻ.പ്രതാപൻ എംപിയും വ്യക്തമാക്കിയിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് പല എംപിമാരും. ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് യോഗത്തിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി. നേതൃത്വത്തിന്റെ അറിവില്ലാതെ മാധ്യമങ്ങൾക്കു മുന്നില്‍ നിലപാട് വ്യക്തമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ പ്രസ്താവനകൾ വിലക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ എംപി സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യമില്ലെന്നു നേതാക്കൾ വെളിപ്പെടുത്തുന്നത് കോൺഗ്രസിനു തിരിച്ചടിയാകുമെന്നു വിലയിരുത്തപ്പെടുന്നു.

Related Articles

Latest Articles