Wednesday, May 15, 2024
spot_img

ലോകത്തേറ്റവും കുടിയേറ്റക്കാരുള്ളത്​ ഈ രാജ്യത്ത്; ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

ദില്ലി: ലോകത്തേറ്റവും കുടിയേറ്റക്കാരുള്ളത്​ അമേരിക്കയിലെന്ന്​ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. 2020ലെ കണക്കനുസരിച്ച്‌​ 5.1 കോടി കുടിയേറ്റക്കാരാണ്​ അമേരിക്കയിലുള്ളത്​. ഇത് ലോകത്തിന്‍റെ മൊത്തം കുടിയേറ്റക്കാരുടെ 18 ശതമാനമാണ്. ഇൻ്റർനാഷണൽ മെെഗ്രേഷൻ 2020 ഹെെലെെറ്റ്സ് എന്ന റിപ്പോർട്ടിലാണ് ഈക്കാര്യം പറയുന്നത്.

2020ൽ 1.8 കോടി ആളുകളാണ് ഇന്ത്യക്ക് പുറത്തു കഴിയുന്നതെന്ന് യു.എന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലെയര്‍ മെനോസി പറഞ്ഞു. വളരെ ഊർജ്ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാരുടേതെന്നും ക്ലെയർ പറഞ്ഞു

ഇന്ത്യയോടുള്ള കുടിയേറ്റക്കാരുടെ താല്‍പ്പര്യം കുറഞ്ഞതായും യു.എന്‍ റിപ്പോര്‍ട്ട്​ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ള രണ്ടാമത്തെ രാജ്യം ജര്‍മ്മനി (1.6 കോടി)യും മൂന്നാമത്തെ രാജ്യം സൗദി അറേബ്യ (1.3 കോടി)യുമാണ്​. റഷ്യ (1.2 കോടി), യുകെ (90 ലക്ഷം) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിൽ വരും.

ഓസ്ട്രേലിയ, കാനഡ, കുവെെത്ത്, ഒമാൻ, പാക്കിസ്താൻ, ഖത്തർ, യുകെ എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ തോതിലുണ്ട്. കുടിയേറ്റ സമൂഹത്തിൻ്റെ വലിപ്പത്തിൻ്റെ കാര്യത്തിൽ മെക്സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

കോവിഡ് അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം കുറച്ചതായും യുഎന്‍ പുറത്തിറക്കിയ ‘ഇന്‍റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റുകള്‍’ എന്ന റിപ്പോര്‍ട്ട്​ പറയുന്നു. രണ്ട് ദശകങ്ങളായി അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച ശക്തമാണെന്നും 2020 ല്‍ 28.1 കോടി പേര്‍ തങ്ങളുടെ രാജ്യത്തിന് പുറത്ത് താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 ല്‍ ഇത് 17.3 കോടിയും 2010 ല്‍ 22.1 കോടിയുമായിരുന്നു. നിലവില്‍ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍ ലോക ജനസംഖ്യയുടെ 3.6 ശതമാനം പ്രതിനിധീകരിക്കുന്നുണ്ട്​. 2000നും 2020നും ഇടയില്‍ 179 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചു.

ജര്‍മ്മനി, സ്പെയിന്‍, സൗദി അറേബ്യ, യു.എ.ഇ, യുഎസ് എന്നിവയാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ നേടിയത്. ഇതിനു വിപരീതമായി 53 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 2000 നും 2020 നും ഇടയില്‍ കുറഞ്ഞു. അര്‍മേനിയ, ഇന്ത്യ, പാകിസ്ഥാന്‍, ഉക്രെയ്ന്‍, ടാന്‍സാനിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട രാജ്യങ്ങള്‍.

ലോകത്ത്​ ഏറ്റവും കൂടുതല്‍ പണം പ്രവാസികളില്‍ നിന്ന്​ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്​. 2019 ല്‍ 83 ബില്യണ്‍ യുഎസ് ഡോളര്‍ പ്രവാസികളില്‍ നിന്ന് ഇന്ത്യക്ക്​ ലഭിച്ചു. 2020 ല്‍ ഈ തുക ഒമ്പതു ശതമാനം കുറഞ്ഞ് 76 ബില്യണായി. അതേസമയം ചെെനയിൽ നിന്നുള്ള ഒരു കോടിയാളുകളും സിറിയയിൽ നിന്നുള്ള എൺപത് ലക്ഷം പേരും വിദേശത്ത് കഴിയുന്നുണ്ട്.

Related Articles

Latest Articles