തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കുതിക്കുന്നതോടെ സംസ്ഥാനത്തെ ഗുരുതര രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളിൽ ആശങ്ക. 5 ജില്ലകളിൽ സർക്കാരാശുപത്രികളിൽ 10 ൽ താഴെ ഐസിയുകളും വെന്റിലേറ്ററുകളും മാത്രമാണ് ബാക്കിയുള്ളത്. കൊല്ലം, തൃശൂർ ജില്ലകളിൽ സർക്കാരാശുപത്രികളിൽ ഒറ്റ വെന്റിലേറ്റർ പോലും ഒഴിവില്ല. വാക്സീനെത്തിയതോടെ ഗുരുതര രോഗികൾ കുറഞ്ഞെന്നവകാശപ്പെടുമ്പോഴും മരണനിരക്കും കുതിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.
കേസുകൾ 30,000വും കടന്ന സംസ്ഥാനത്തെ് ചികിത്സാ സംവിധാനങ്ങൾ നിറയാറാകുന്ന ജില്ലകളിലെ സർക്കാരാശുപത്രികളിൽ ഒഴിവുള്ള ഐസിയു കിടക്കകളുടെ കണക്ക് ഇങ്ങനെ. കൊല്ലം 0 / 94, തൃശൂർ 3 / 101, ഇടുക്കി 3 / 41, കാസർഗോഡ് 4 / 52, കോട്ടയം 7/ 64, കണ്ണൂർ 10/118, മലപ്പുറം 12/ 99,എറണാകുളം 17 / 113
വെന്റിലേറ്ററിന്റെ കണക്കെടുത്താൽ കൊല്ലത്ത് അതും പൂജ്യമാണ്. തൃശ്ശൂരിലും ഇനി വെന്റിലേറ്ററില്ല. കോട്ടയത്ത് നാലും മലപ്പുറത്ത് അഞ്ചും, കേസുകൾ കൂടുന്ന എറണാകുളത്ത് ഒമ്പതും വെന്റിലേറ്ററുകളാണ് ബാക്കി. മൊത്തം 1425 ൽ 329 ഐസിയുവും 984ൽ 323 വെന്റിലേറ്ററുമാണ് ഒഴിവുള്ളത്. സ്വകാര്യ മേഖല വലിയ തോതിൽ നിറഞ്ഞിട്ടില്ല.
രണ്ടാംതരംഗത്തിൽ കേസുകൾ നാൽപ്പതിനായിരം കടന്നപ്പോഴുണ്ടായ നിലയിലേക്ക് മരണം ഉയരുന്നതും വലിയ ആശങ്കയാണ്. ഇന്നലെ ഉണ്ടായതിൽ 56 മരണം കണ്ണൂരിൽ നിന്നും 33 മരണം തൃശൂരിൽ നിന്നുമാണ്. കേസുകൾ ഇനിയും കൂടുന്നതോടെ വരും ദിവസങ്ങളിൽ കൂടാനും നീണ്ടുനിൽക്കാനുമാണ് സാധ്യത.
സർക്കാർ മേഖലയിലുള്ള മൊത്തം ഐസിയു 1425, ഒഴിവുള്ളത് 329, വെന്റിലേറ്റർ – 984, ഒഴിവുള്ളത് 323
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

