Monday, December 29, 2025

ഇന്ത്യയിൽ വീണ്ടും ഭീതിപടർത്തി കോവിഡ്; രാജ്യത്ത് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികൾ 1000-ത്തിലധികം

ദില്ലി: കോവിഡ് കേസുകൾ രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച്‌ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വെള്ളിയാഴ്ച നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് ആരോഗ്യമന്ത്രി നേതൃത്വം നല്‍കും.

മഹാരാഷ്ട്ര, കേരളം, ദില്ലി, പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ 1000-ത്തിലധികം പ്രതിദിന രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ, എന്‍സിഡിസി ഡയറക്ടര്‍ സുജീത് സിംഗ്, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് എസ് ഗോഖലെ, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി എസ് അപര്‍ണ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഒമിക്രോണ്‍ വകഭേദവും അതിന്റെ ഉപവകഭേദങ്ങളുമാണ് പ്രതിദിന രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു. ബിഎ.2, ബിഎ.2.38 എന്നിവയുടെ സാന്നിധ്യം രാജ്യത്ത് വളരെ കൂടുതലാണ്.

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ സജീവ രോഗികളുടെ എണ്ണം നിലവില്‍ 81,687 ആണ്. അതിനിടെ വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യം. ഇതുവരെ 196.45 കോടി (1,96,45,99,906) ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 3.58 കോടിയിലധികം കൗമാരക്കാര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി.

Related Articles

Latest Articles