Thursday, May 2, 2024
spot_img

കോവിഡ്: രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; 24 മണിക്കൂറിനിടെ 7,081 പുതിയ രോഗികൾ മാത്രം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ (Covid Updates In India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 7,469 പേർ രോഗമുക്തിയും നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 83,913 ആയി കുറഞ്ഞു. കഴിഞ്ഞ 570 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 264 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,77,422 ആയി.

അതേസമയം രാജ്യത്താകെ 3.47 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 3.41 കോടി ജനങ്ങൾക്കും രോഗം ഭേദമായി. ആകെ 137.46 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലും കോവിഡ് വ്യാപനം കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 3,297 പേർക്ക് മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസര്‍ഗോഡ് 72 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,586 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,37,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3841 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 209 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 31,901 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles