ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം (Covid Spread) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,774 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 9,481 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,05,691 ആയി കുറഞ്ഞു. 98.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 621 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,68,554 ആയി.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെക്കാൾ മരണനിരക്കിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി. ഇതുവരെ 121.98 കോടി ആളുകൾ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദം ‘ഒമിക്രോൺ’ ലോകത്ത് ആശങ്ക ശ്രഷ്ടിക്കുന്ന സാഹചര്യത്തിൽ ഏവരും ജാഗ്രത കൈവിടാത്തെ പ്രതിരോധം തുടരണമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ഇന്നലെ 4,741 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ നിരക്ക്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,297 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 48,501 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

