Wednesday, May 15, 2024
spot_img

യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷം; രാജ്യങ്ങൾ നിയന്ത്രണം ശക്തമാക്കുന്നു; നെതർലൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ആംസ്റ്റർഡാം: യൂറോപ്പിനെ വീണ്ടും (Covid Spread In Europe) ഭീതിയിലാഴ്ത്തി കോവിഡ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്സിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 20ന് 12,997 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനുമുൻ‌പത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തിൽ നെതർലൻഡ്സ്–നോർവേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. നിലവിൽ, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്.

അതേസമയം ജർമ്മനിയ്ക്കും ഫ്രാൻസിനും ചെക്ക് റിപ്പബ്ലിക്കിനും നെതർലൻഡ്സിനും പിന്നാലെ നോർവേയിലും കോവിഡ് പടരുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വരുമെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗർ അറിയിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം,​ ജനങ്ങൾ വാക്സിന്റെ മൂന്നാം ഡോസ് എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ജനങ്ങളോട് അപേക്ഷിച്ചു.

യൂറോപ്പിലെ 65 ശതമാനം പേരും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. 65 വയസ്സിന് മുകളിലുള്ളവർ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. ഫ്രാൻസിൽ ഏകദേശം ആറ് ദശലക്ഷം പേർ വാക്സിൻ സ്വീകരിച്ചിട്ടില്ല. ഇവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണമെന്നും സ്കൂൾ വിദ്യാർത്ഥികൾ മാസ്ക് ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകളും മരണവും വർദ്ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും രോഗ വ്യാപനം രൂക്ഷമാണ്.

Related Articles

Latest Articles