Friday, January 9, 2026

രാജ്യത്ത് 24 മണിക്കൂറിൽ കാൽ ലക്ഷത്തോളം പേ‍ർക്ക് കൊവിഡ്; 14,856 പേർക്ക് രോ​ഗമുക്തി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ദിനം പ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 24,850 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വന്ന വൻവർധന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 19,268 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

അതേസമയം കൊവിഡ് മുക്തി നേടിയവരുടെ എണ്ണം നാല് ലക്ഷം കടന്നു (4,09,083). നിലവിൽ 2,44,814 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 60.77 ശതമാനം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതുവരെ 6,73,165 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച മെട്രോ നഗരങ്ങളിലൊന്നായ ദില്ലിയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നത് അൽപം ആശ്വാസം പകരുന്നുണ്ട്. ഒരു ഘട്ടത്തിൽ നാൽപ്പത് ശതമാനത്തിനും താഴെ പോയ ദില്ലിയിലെ കൊവിഡ് രോഗമുക്തി നിരക്ക് ഇപ്പോൾ അറുപത് ശതമാനമായി ഉയർന്നു.

Related Articles

Latest Articles