ദില്ലി: രാജ്യത്ത് കോവിഡ് (Covid India)മഹാമാരിയോടുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. പ്രതിദിനരോഗികളിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,778 കേസുകൾ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
അതേസമയം 62 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,605 ആയി. നിലവിൽ കാൽലക്ഷത്തോളം സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. 23,087 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 181.89 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കേരളത്തിലും രോഗബാധ കുത്തനെ കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 702 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.

