Friday, January 9, 2026

മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിച്ച് ഭാരതം: മൂവായിരത്തിൽ താഴെ മാത്രം പ്രതിദിന രോഗികൾ; രോഗമുക്തി നിരക്ക് ഉയരുന്നു

ദില്ലി: മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിച്ച് ഭാരതം(Covid Updates In India). പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,503 കേസുകൾ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 27 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,15,877 ആയി. നിലവിൽ 40,000ത്തിൽ താഴെ സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്.

രാജ്യത്ത് 20 ലക്ഷത്തിനടുത്തെത്തിയ സജീവ രോഗികളാണ് കുത്തനെ കുറഞ്ഞിരിക്കുന്നത്. നിലവിൽ 36,168 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 4,377 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 4.24 കോടി കവിഞ്ഞു. 98.72 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.47 ശതമാനമായി. വാക്‌സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 179.91 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലും രോഗവ്യാപനം കുറയുകയാണ്. കഴിഞ്ഞ ദിവസം 885 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Related Articles

Latest Articles