Friday, May 17, 2024
spot_img

കോവിഡ്: രാജ്യത്ത് 29,616 പുതിയ രോഗികൾ; കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 17,983 പുതിയ കേസുകൾ; സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകനയോഗം ഇന്ന്

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,616 പേർക്ക് കൂടി കോവിഡ്. 28,046 പേർ രോഗമുക്തി നേടി. നിലവിൽ 3,01,442 പേരാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,28,76,319 പേരാണ് കോവിഡിൽ നിന്നും മുക്തരായത്. 97.78 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് ഇത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. 1.86 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 26 ദിവസമായി രാജ്യത്തെ പ്രതിദിന ടിപിആർ മൂന്നിൽ താഴെയാണ്. 1.99 ശതമാനമാണ് പ്രതിവാര ടിപിആർ. കഴിഞ്ഞ 92 ദിവസമായി രാജ്യത്തെ പ്രതിവാര ടിപിആർ മൂന്നിൽ താഴെയായി തുടരുകയാണ്. പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 84.89 കോടി വാക്‌സിൻ ഡോഡുകൾ നൽകി. ഇതുവരെ രാജ്യത്ത് 56.16 കോടി കൊറോണ പരിശോധനകളാണ് നടത്തിയത്.

എന്നാൽ പതിവുപോലെ പകുതിയിലധികം രോഗികളും കേരളത്തിൽ തന്നെയാണ്. സംസ്ഥാനത്ത് ഇന്നലെ 17,983 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 2784, എറണാകുളം (Ernakulam) 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ കണക്കുകൾ. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് അവലോകനയോഗം ചേരും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 3.30നാണ് യോഗം ചേരുക. നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകണമോ എന്ന അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് നേരത്തെ ഹോട്ടൽ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഇന്നു ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാകും.

Related Articles

Latest Articles