തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് വാക്‌സിൻ (Covid Vaccine) സ്വീകരിക്കാത്തത് ലക്ഷക്കണക്കിന് പേരെന്ന് റിപ്പോർട്ട്. രാജ്യത്ത് മുഴുവൻ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തിൽ ഇപ്പോഴും രോഗവ്യാപനം രൂക്ഷമാണ്. എന്നിട്ടും വാക്‌സിൻ എടുക്കുന്നവരുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ടുകൾ.
മതപരമായ വിശ്വാസങ്ങളും, അലർജി ഉൾപ്പെടെയുള്ള രോഗങ്ങളും, കുത്തിവയ്പ് (Vaccination) എടുക്കില്ലെന്ന കടുംപിടുത്തവും മൂലമാണ് ഇത്രയും പേർ വാക്‌സിൻ എടുക്കാത്തതെന്നാണ് സർക്കാരിന്റെ പൊതുവേയുള്ള വിലയിരുത്തൽ. 18 വയസ്സ് കഴിഞ്ഞവരിൽ 92.5 ശതമാനം പേരാണ് ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തിട്ടുള്ളത്. 41 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും എടുത്തു. 18 വയസ്സിന് മുകളിലുള്ള രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം പേർക്ക് വാക്‌സിൻ എടുക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ രണ്ട് കോടി നാൽപ്പത്തിയേഴ് ലക്ഷം പേരാണ് വാക്‌സിൻ എടുത്തത്. എറണാകുളം ജില്ല ലക്ഷ്യം പൂർത്തീകരിച്ചിട്ടുണ്ട്. പത്തനംതിട്ട 99 ശതമാനവും വയനാട് 98 ശതമാനവും ഇടുക്കിയിൽ 94 ശതമാനം പേർക്കും വാക്‌സിൻ ലഭിച്ചു.
ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് (Kozhikode) ജില്ലകൾ 93 ശതമാനം ലക്ഷ്യം കൈവരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളാണ് ഏറ്റവും പിന്നിൽ. വാക്‌സിന് പകരം ഇതര ചികിത്സ മാർഗങ്ങൾ ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. മറ്റ് ഗുരുതര അസുഖങ്ങളുള്ളവർ, അലർജിയുള്ളവർ എന്നിവരാണ് അടുത്ത വിഭാഗം. തീവ്രമത വിശ്വാസങ്ങൾ വാക്‌സിൻ എടുക്കുന്നതിൽ നിന്ന് ചിലരെ പിന്തിരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ . ഇത് കൂടാതെ കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തതിനാൽ കുത്തിവയ്പ്പ് എടുക്കാൻ സാധിക്കാത്തവരുമുണ്ട്. അതേസമയം സംസ്ഥാനത്ത് തുടർച്ചയായി പതിനായിരവും, ഇരുപതിനായിരത്തിലധികവുമാണ് പ്രതിദിനരോഗികൾ. ഇപ്പോഴും രോഗികളുടെ എണ്ണം കുറയാത്തത് ആരോഗ്യ വകുപ്പിനും കനത്ത ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

