Thursday, May 23, 2024
spot_img

നേട്ടത്തിന്റെ നിറുകയില്‍ ത്രിപുര; 45 വയസ്സിന് മുകളിലുളള മുഴുവന്‍ പേര്‍ക്കും, കുത്തിവയ്പ്പ് നല്‍കിയ ആദ്യ സംസ്ഥാനം

അഗര്‍ത്തല: ഇന്ത്യയില്‍ 45 വയസ്സിനിടയിലുള്ളവരുടെ ആദ്യത്തെ 100 ശതമാനം വാക്സിനേഷൻ പൂര്‍ത്തിയാക്കി ത്രിപുര. 2021 മാർച്ച് 1 മുതലാണ് പ്രതിരോധ കുത്തിവയ്പ് ത്രിപുരയില്‍ ആരംഭിച്ചത്. അന്നുമുതൽ തന്നെ രാജ്യത്ത് 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു ത്രിപുര. ആദ്യ ഡോസ് 100 ശതമാനം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ത്രിപുരയായിരിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ 21, 22 തീയതികളിൽ ത്രിപുരയിൽ 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവും നടത്തിയിരുന്നു. അർഹരായ ജനസംഖ്യയിൽ പകുതിയെങ്കിലും കുത്തിവയ്പ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു യജ്ഞം നടത്തിയത്. ജൂൺ 21 ന് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കുത്തിവയ്പ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നേദിവസം ത്രിപുരയിൽ 1,54,209 കോവിഡ് ഡോസുകളും, ജൂൺ 22 ന് 1,85,559 ഡോസുകളുടെ കുത്തിവയ്പ്പും നടത്തിയിരുന്നു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ കോവിഡ് രോഗികളുടെ എണ്ണവും മറ്റും സ്ഥിരമായി സമൂഹമാധ്യമങ്ങളില്‍ പങ്കിടാറുണ്ട്. ആകെ 63,137 കൊറോണ വൈറസ് കേസുകൾ ത്രിപുരയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ 58,674 പേർ സുഖം പ്രാപിച്ചു. 3,785 സജീവ കേസുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുളളത്. അതേസമയം 655 പേരാണ് വൈറസ് ബാധിച്ച് സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles