Saturday, September 19, 2026

പൂരം അലങ്കോലമാക്കിയതിൽ നടക്കുന്ന ത്രിതല അന്വേഷണത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങുന്നുവോ? മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐയും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും; അന്വേഷണ സംഘം ഇതുവരെ സമീപിച്ചിട്ടില്ലെന്നും വെളിപ്പെടുത്തൽ

തിരുവനന്തപുരം: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐയും ദേവസ്വങ്ങളും. വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ത്രിതല അന്വേഷണം അട്ടിമറിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പൂരം കലങ്ങിയതിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നും അത് അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അന്വേഷണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്ന് പ്രസ്താവിച്ചതിനെ പ്രതിപക്ഷവും സിപിഐയും ഒരുപോലെ തള്ളുകയാണ്.

മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ ഇരു ദേവസ്വങ്ങളും തള്ളുകയാണ്. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍ പറഞ്ഞു. കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. പൂരം കലങ്ങിയത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതു വരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് വടക്കുംനാഥന്റെ മുന്‍പില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടായെന്നും തൃതല അന്വേഷണ സംഘം ഇത് വരെ ബന്ധപ്പെട്ടിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷും വ്യക്തമാക്കി.

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലെ പരാമർശിച്ചിരുന്നു. ഇത് ഇടതു മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പൂരം കലക്കാനുള്ള ശ്രമം നടന്നുവെന്നും എന്നാല്‍ കലങ്ങിയിട്ടില്ലെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ പാര്‍ട്ടിയും ആവര്‍ത്തിക്കുകയാണെന്ന് ഇതോടെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വങ്ങളുടെയും സിപിഐ യുടെയും പ്രതികരണം

Related Articles

Latest Articles