തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ സിപിഎം എം എൽ എ മുകേഷിനെ സംരക്ഷിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് തിരിച്ചടി. മുകേഷ് രാജിവയ്ക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് പാർട്ടി വെബ്സൈറ്റിലെഴുതിയ ലേഖനത്തിൽ മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു, മുഖ്യമന്ത്രി പിണറായി വിജയനടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം മുകേഷ് രാജിവയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു.
അതേസമയം മുകേഷ് ഇന്ന് അഭിഭാഷകനെ കാണാൻ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. എം എൽ എ ബോർഡ് ഒഴിവാക്കിയാണ് യാത്ര. മുകേഷിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. എന്നാൽ ബലാത്സംഗക്കേസിലെ പ്രതി എന്ന നിലയിൽ അദ്ദേഹത്തിന് സുരക്ഷയൊരുന്നുന്നതിനും പൊലീസിന് തടസ്സമുണ്ട്. എന്തായാലും പോലീസിന്റെ അനൗദ്യോഗിക സുരക്ഷയിലാണ് മുകേഷിന്റെ യാത്ര എന്നും സൂചനയുണ്ട്. മുകേഷുമായി ഇന്ന് നേരിൽ കാണുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകനും വ്യക്തമാക്കി.
ഷൂട്ടിങ് സൈറ്റിൽ അപമര്യദയായി പെരുമാറിയെന്ന ചില നടിമാരുടെ പരാതിയെ തുടർന്നാണ് മുകേഷിനെതിരെ കേസെടുത്തത്. മുകേഷ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഭരണമുന്നണിയിലെ കക്ഷിയായ സിപിഐയും മുകേഷിൻറെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മൂന്നാം തീയതിവരെ മുകേഷിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിധിയുമുണ്ട്.

