തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വസതിയിൽ നടന്ന റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിലാണ് പിഎംഒയുടെ നിർണ്ണായക നീക്കം. പരാതിയിന്മേൽ തുടർനടപടികൾ സ്വീകരിക്കുന്നതിനും വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറി.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി തുടർനടപടികൾക്കായി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. പി.എം.ഒയുടെ ഇടപെടലും പരാതി പോലീസിന് കൈമാറിയ വിവരവും മുഖ്യമന്ത്രിയുടെ ഓഫീസ് പരാതിക്കാരനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ വസതിയിൽ ഇ.ഡി സംഘം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം അരങ്ങേറിയത്. ഈ ആക്രമണം യാദൃശ്ചികമല്ലെന്നും സി.പി.എം നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണത്തിന്റെയും ഗൂഢാലോചനയുടെയും ഭാഗമായി നടന്നതാണെന്നുമാണ് യുവമോർച്ചയുടെ പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്.
പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി തകർക്കുകയും അവരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ഗുരുതരമായ ക്രമസമാധാന തകർച്ചയാണ് പരാതിയിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നൽകിയ പ്രാദേശിക ഗുണ്ടകൾക്കെതിരെ മാത്രമല്ല, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉന്നത ഗൂഢാലോചനക്കാരെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഒപ്പം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഇഡി ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ കേരള പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഭരണകക്ഷി നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

