ഇടുക്കി: വീടുകയറി ആക്രമണം നടത്തി വീട്ടമ്മയേയും മകനെയും ഉപദ്രവിച്ച കേസിൽ സി.പി.എം. പ്രാദേശിക നേതാവിനെയും കൂട്ടാളികളെയും പോലീസ് സംരക്ഷിക്കുന്നതായി പരാതി. അക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വീട്ടമ്മയുടെ മകനെ ആശുപത്രിയില്‍ നിന്നും പോലീസ് നിര്‍ബന്ധിച്ച് ഡിസ്ച്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നു. ശേഷം കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്‌തെന്നും രാജാക്കാട് ഉണ്ടമല സ്വദേശിയായ ചക്കുങ്കല്‍ മേരി ജോസഫ് പറയുന്നു.
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് സി.പി.എം പ്രവര്‍ത്തകൻ ജയേഷിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഉണ്ടമലയിലുള്ള മേരിയുടെ വീട്ടിലെത്തുന്നത്. ജിബിന്‍ ജോസഫിനെ മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ മേരിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ഇടതുകാല് അടിച്ചൊടിക്കുകയും ചെയ്തു. മാതാപിതാക്കളെ മര്‍ദിക്കുന്നത് കണ്ട് ഇവരെ രക്ഷിക്കുന്നതിനായി ജിബിന്‍ വാക്കത്തിയെടുത്ത് വീശിയാണ് ആക്രമികളെ ഓടിച്ചത്. ഡിസംബര്‍ 18-ന് രാത്രിയിലാണ് സംഭവം നടക്കുന്നത്.
പിന്നീട് രാജാക്കാട് സ്റ്റേഷനില്‍നിന്നും പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും പിറ്റേദിവസം ആശുപത്രിയില്‍ കഴിയുകയായിരുന്ന ജിബിനെ, കള്ളക്കേസിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയാണ് ചെയ്തത്.
അതേസമയം ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്ന സി.പി.എം പ്രവര്‍ത്തകനേയും മറ്റുള്ളവരേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് നാട്ടുകാരുർ പറയുന്നത്. ഇതോടൊപ്പം കേസ് ഒത്ത് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാക്കള്‍ വീട്ടിലെത്തിയെന്നും ജിബിന്‍ പറയുന്നു.

