Sunday, May 19, 2024
spot_img

ദേശീയതലത്തിൽ തകര്‍ന്നടിഞ്ഞത് സിപിഎം; സിപിഎമ്മി‍ന്‍റെ ദേശീയ പാര്‍ട്ടി പദവിയും ഇനി നഷ്ടമാകും

ദില്ലി: പശ്ചിമബംഗാളിൽ ആകെയുണ്ടായിരുന്ന രണ്ട് സീറ്റ് പോലും നിലനിര്‍ത്താനാകാതെ ദേശീയതലത്തിൽ തകര്‍ന്നടിഞ്ഞത് സിപിഎം. സിപിഎമ്മി‍ന്‍റെ ദേശീയ പാര്‍ട്ടി പദവിയും ഇനി നഷ്ടമാകും. ബംഗാളിലും തൃപുരയിലും സിപിഎം മൂന്നാംസ്ഥാനത്താണുള്ളത്.

ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം ഈ തിരഞ്ഞെടുപ്പോടെ ഏതാണ്ട് ഇല്ലാതാവുകയാണ്. കേരളത്തിൽ കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടിൽ കിട്ടുന്ന 4 സീറ്റും മാത്രമാണ് ലോക്സഭയിലെ ഇടത് പ്രാതിനിധ്യം. പശ്ചിമബംഗാളിലെ സിപിഎമ്മിന്‍റെ വോട്ടിൽ 15 ശതമാനത്തോളം ബിജെപിയിലേക്ക് ചോര്‍ന്നതായാണ് വിലയിരുത്തല്‍. ഇതോടെ ബംഗാളിലെ സിപിഎം വോട്ട് ഏഴ് ശതമാനത്തിൽ താഴെയായി.

സിപിഐക്ക് ഒരു ശതമാനം പോലും വോട്ടില്ലാത്ത സ്ഥിതിയാണുള്ളത്. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും ഇത്തവണ നഷ്ടമായി. ബീഹാര്‍ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചുവരാനാകാത്ത വിധം തകര്‍ന്നടിഞ്ഞ പോലെയാണ് ബംഗാളിലെ ഇടതുപക്ഷത്തിന്റെ വീഴ്ച.

2004 ൽ ഒന്നാം യുപിഎ സര്‍ക്കാരിനെ വിരൽ തുമ്പിൽ നിര്‍ത്തിയ ഇടതുപക്ഷ പാര്‍ട്ടികൾക്ക് ഇനി ആ കാലം ഓര്‍മ്മ മാത്രമാകും. തൃപുരയിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 35 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സിപിഎം 17 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ബിജെപി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായി.

ദേശീയതലത്തിൽ ബദൽ രാഷ്ട്രീയം ശബ്ദം ഉയര്‍ത്താൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇനി പരിമിതികൾ ഏറെയാണ്. സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കണക്കാക്കിയായിരുന്നു ദേശീയ പാര്‍ടികളുടെ പട്ടികയിൽ തന്നെ സിപിഎമ്മിനെ നിലനിര്‍ത്തിയത്. ആ ഇളവ് ഇനി കിട്ടണമെന്നില്ലെന്നത് ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്.

Related Articles

Latest Articles