പാലക്കാട്: നീലട്രോളിയിൽ എത്തിയത് വസ്ത്രങ്ങളല്ല കള്ളപ്പണം തന്നെയെന്ന് സിപിഎം. രാഹുൽ പറയുന്നത് ശുദ്ധ നുണയെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്യാനായി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയ കേസിലെ പ്രതിയായ ഫെനി നൈനാൻ ആണ് കള്ളപ്പണം നീല പെട്ടിയിൽ ഹോണ്ട സിറ്റി കാറിൽ ഹോട്ടലിൽ എത്തിച്ചെന്നും ഉന്നത കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല, സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടം തുടങ്ങിയവർ യോഗം ചേരുന്ന ബ്രോഡ് റൂമിലേക്ക് കൊണ്ടുപോയെന്നും സുരേഷ് ബാബു ആരോപിച്ചു. റെയ്‌ഡ് സമയത്ത് നേതാക്കൾ ഹോട്ടലിന്റെ പിൻവാതിലിലൂടെ ഇറങ്ങിയോടിയെന്നുമാണ് സിപിഎം ആരോപിക്കുന്നത്.
രാവിലെ മുതൽ നീലപ്പെട്ടിയുടെയും ഫെനിയുടെയും കഥ ഉയരുന്നുണ്ടെങ്കിലും കോൺഗ്രസ് പ്രതികരിച്ചിരുന്നില്ല. വൈകുംന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ ഫെനി ഹോട്ടലിൽ വന്നെന്നും നീലപ്പെട്ടി കൊണ്ടുവന്നെന്നും രാഹുൽ സമ്മതിക്കുകയായിരുന്നു. എന്നാൽ ആ പെട്ടിയിൽ തന്റെ വസ്ത്രങ്ങളായിരുന്നു എന്നാണ് രാഹുലിന്റെ വാദം. വിശദ പരിശോധനയ്ക്കായി പൊലീസിന് പെട്ടി കൈമാറാൻ തയ്യാറാണെന്നും രാഹുൽ അറിയിക്കുകയായിരുന്നു. എന്നാൽ അസ്‌മയിൽ താമസിക്കുന്ന രാഹുലിന്റെ വസ്ത്രങ്ങൾ എന്തിന് കെ പി എം റീജൻസിയിൽ കൊണ്ടുവന്നുവെന്നും അത് ബ്രോഡ് റൂമിലേക്ക് എന്തിന് കൊണ്ടുപോയി എന്നും ചോദ്യം ഉയർത്തുകയാണ് സിപിഎം.
വിഷയത്തിൽ പാലക്കാട് എസ് പി യെ കണ്ട് എൽ ഡി എഫ് നേതാക്കൾ പരാതി നൽകി. രാത്രി വൈകിയും കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണ്. ഫെനി കെ എസ് യു സംസ്ഥാന നേതാവ് ആണെന്നും തെരഞ്ഞെടുപ്പ് ചുമതയുണ്ടെന്നും രാഹുൽ വിശദീകരിക്കുന്നു. എന്നാൽ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പെട്ട പ്രതികളെ യു ഡി എഫ് സ്ഥാനാർത്ഥി തീറ്റിപ്പോറ്റുന്നതിലെ ധാർമ്മികത എൽ ഡി എഫും ബിജെപിയും ചോദ്യം ചെയ്യുകയാണ്.

