Tuesday, May 14, 2024
spot_img

ബിജെപിയിൽ നിന്ന് ഭരണം പിടിക്കാൻ സിപിഎം ചിലവിട്ടത് ലക്ഷങ്ങൾ

ബിജെപിയിൽ നിന്നും കല്ലിയൂർ പഞ്ചായത്ത് പിടിച്ചെടുക്കാൻ സിപിഎം ചിലവിട്ടത് ലക്ഷങ്ങൾ. ഭരണം നേടാൻ 10 ലക്ഷം രൂപയാണ് സിപിഎം ചിലവഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം നേമം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ഈ വിഷയം ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് ഭരണം പിടിക്കാൻ സിപിഎം നടത്തിയ കള്ളക്കളി പുറത്തായത്.

10 ലക്ഷം രൂപയിൽ ആറ് ലക്ഷം രൂപ നൽകാനുണ്ട്. ഇത് എങ്ങനെ നൽകും എന്ന ചോദ്യം യോഗത്തിൽ ഉയർന്നുവന്നു. ഇതോടെയാണ് സംഭവം പുറത്തായത്. സഹകരണ ബാങ്കിൽ നിന്നും പണം വായ്പയെടുത്ത് ഇത് നൽകാനാണ് ധാരണ. ജില്ലാ കമ്മിറ്റി അംഗങ്ങൾ പോലും അറിയാതെ ആയിരുന്നു പണമിടപാട്. പാർട്ടി കമ്മിറ്റി അറിയാതെ പണം ചിലവഴിച്ചതിൽ അന്വേഷണം വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതിനായി പരാതി നൽകാനും ഒരുങ്ങുന്നുണ്ട്.

പത്ത് ലക്ഷത്തിൽ നാല് ലക്ഷം രൂപ ലോക്കൽ കമ്മിറ്റി നേതാവിനാണ് നൽകിയത്. ഭരണം നേടിയ സാഹചര്യത്തിൽ ബാക്കി കൂടി ഉടൻ നൽകണം. ഇതിന് വഴിയില്ലാതെ ആയതോടെയാണ് വായ്പയെടുക്കാൻ തീരുമാനിച്ചത്.
പാർട്ടി ഫണ്ട് പിരിക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാമെന്നാണ് ധാരണ.

കഴിഞ്ഞ വർഷം ജൂണിലാണ് ബിജെപിയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് എൽഡിഎഫ് പഞ്ചായത്തിൽ ഭരണം നേടിയത്. അവിശ്വാസത്തെ കോൺഗ്രസിന്റെയും ബിജെപിയുടേയും ഓരോ അംഗം പിന്തുണച്ചിരുന്നു. ഇതോടെയായിരുന്നു അവിശ്വാസം വിജയിച്ചത്. ഇതിൽ കോൺഗ്രസ് അംഗത്തിന് ഉപാദ്ധ്യക്ഷ സ്ഥാനം നൽകിയായിരുന്നു എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.

അതേസമയം കൊടുങ്ങല്ലൂർ സിപിഐയിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുന്നു. പാർട്ടി നേതൃസ്ഥാനങ്ങൾ മാത്രമല്ല നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചാണ് നേതാക്കൾ പുറത്ത്പോകുന്നത്. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നതാണ് സ്ഥിതി.സി.സി വിപിൻ ചന്ദ്രൻറെ നേതൃത്വത്തിലുള്ള കമ്മറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി.

രണ്ട് കൗൺസിലർമാർ നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെക്കുകയാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിനിൽ , രവീന്ദ്രൻ നടുമുറി എന്നീ കൗൺസിലർമാരാണ് രാജിവെക്കുന്നതായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയത്. ഇവർ രാജിവെച്ചാൽ കൊടുങ്ങല്ലൂർ നഗരസഭാ ഭരണം എൽഡിഎഫിന് പ്രതിസന്ധിയിലാകും.

Related Articles

Latest Articles