Monday, April 29, 2024
spot_img

“യൂണിഫോം ഊരി നിങ്ങൾ തൃശൂർ അങ്ങാടിയിലേക്ക് ഇറങ്ങിയാൽ പൊന്നുമക്കളേ നിങ്ങളെ ഞങ്ങൾ അടിച്ചിരിക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.” – പോലീസിനെതിരെ പ്രകോപനപരമായ പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

തൃശൂർ : പോലീസിനെതിരെ പ്രകോപനപരമായ പ്രസംഗവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. പോലീസ് ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഗോകുലിന്റെ പ്രകോപനപരമായ പ്രസംഗം. സിപിഒ ശിവപ്രസാദിനെ നോട്ടമിട്ടിട്ടുണ്ടെന്നും ശിവപ്രസാദിനെ തെരുവിൽ നേരിടുമെന്നും, യൂണിഫോം ഊരി തൃശൂർ അങ്ങാടിയിലേക്ക് ഇറങ്ങിയാൽ അടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടന്നും ഗോകുൽ പറയുന്നത് പ്രസംഗത്തിന്റെ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ലോ കോളജിൽ എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകര്‍ക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ പ്രതിഷേധ യോഗത്തിലാണ് കെഎസ്‌യു അധ്യക്ഷൻ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.

‘‘എസ്എഫ്ഐയുടെ വാക്കും കേട്ട് ലോ കോളജിലെ കെഎസ്‌യുവിനെ തല്ലിച്ചതയ്ക്കുന്നതിനുമാത്രം കടന്നുവന്ന തൃശൂർ ജില്ലയിലെ എസിപി അടക്കമുള്ള പൊലീസ് സംവിധാനത്തോടു കൂടിയാണ് പറയുന്നത്. എല്ലാക്കാലവും ഭരണം പിണറായി വിജയന്റേതായിരിക്കില്ല. എല്ലാക്കാലവും പിണറായി വിജയൻ തന്നെയായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി. ഭരണം മാറും.

ഞങ്ങളുടെ വിദ്യാർഥികളെ തല്ലിച്ചതച്ച സിപിഒ ശിവപ്രസാദിനോട് അടക്കമാണ് പറയുന്നത്. ഇവിടെ പൊലീസുകാർ വിഡിയോ എടുക്കുന്നുണ്ട്. ആ വിഡിയോ എടുക്കുന്ന പൊലീസുകാരോടു കൂടിയാണ് പറയുന്നത്. ശിവപ്രസാദിനെ ഞങ്ങൾ നോട്ടമിട്ടിട്ടുണ്ട്. അവനെ ഞങ്ങൾ തെരുവിൽ നേരിടുക തന്നെ ചെയ്യും. ഞങ്ങൾ സംയമനം പാലിക്കുന്നതു നിങ്ങൾ ഇട്ടിരിക്കുന്ന യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ്. ആ യൂണിഫോം ഊരി നിങ്ങൾ തൃശൂർ അങ്ങാടിയിലേക്ക് ഇറങ്ങിയാൽ പൊന്നുമക്കളേ നിങ്ങളെ ഞങ്ങൾ അടിച്ചിരിക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.’’ – ഗോകുൽ പ്രസംഗത്തിൽ പറഞ്ഞു.

Related Articles

Latest Articles